കാസര്‍ഗോഡ്: സ്വകാര്യവ്യക്തിയുടെ പറമ്പിലെ മതില് ഇടിഞ്ഞുവീണ് ഇരുനില ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറി പൂര്‍ണമായും തകര്‍ന്നു. അധ്യാപക ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
പെര്‍ള നവജീവന സ്പെഷല്‍ സ്കൂള്‍ എഡ്യുക്കേറ്ററായ തിരുവനന്തപുരം കാഞ്ഞിരംകുളം കഴിയൂര് സ്വദേശി സാം ഡേവിഡ്സണ്, ഭാര്യ കാസര്‍ഗോഡ് ബിആര്‍സി സ്പെഷല്‍ എഡ്യുക്കേറ്ററും കോട്ടയം ചങ്ങനാശേരി സ്വദേശിയുമായ ആല്‍ബി സജി, ഇവരുടെ ആറുമാസം പ്രായമുള്ള മകള്‍ സേറ മരിയ സാം എന്നിവരാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. മേല്‍പ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനു സമീപത്തെ ഫറാഷ് ക്വാര്‍ട്ടേഴ്സിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ആല്‍ബി പ്രസവാവധിയിലായതിനാല്‍ വീട്ടിലുണ്ടായിരുന്നു. സാം ചികിത്സാര്‍ഥം മെഡിക്കല്‍ ലീവിലായതിനാൽ പഴവര്‍ഗങ്ങള്‍ വാങ്ങാനായി ടൗണിലേക്കു പോയതായിരുന്നു. ഈ സമയത്ത് ആല്‍ബിയും കുഞ്ഞും കിടപ്പുമുറിയിലുണ്ടായിരുന്നു.
സാം തിരിച്ചത്തിയപ്പോള്‍ ഇരുവരും എഴുന്നേറ്റു. ആല്‍ബി കൈയിലുള്ള കവര്‍ വാങ്ങി സാമിനും കുഞ്ഞിനുമുള്ള ഭക്ഷണമെടുക്കാന്‍ അടുക്കളയിലേക്കു പോയി. സാം കുഞ്ഞിനെയും എടുത്തുകൊണ്ട് ഹാളിലേക്കും പോയി. തൊട്ടുപിന്നാലെയാണ് വലിയ ശബ്ദത്തോടെ സംരക്ഷണമതില്‍ തകര്‍ന്ന് ഇവരുടെ കിടപ്പുമുറിയുടെ ചുവരിലേക്കു പതിച്ചത്. ഇതിന്റെ ആഘാതത്തില്‍ ചുവര് തകര്‍ന്ന് മുറിയുടെ അകത്തേക്ക് പതിച്ചു.
നൂറോളം ചെങ്കല്ലുകളാണ് കട്ടിലിനു മുകളിലേക്കു പതിച്ചത്. രണ്ടു കട്ടിലുകള്‍, എയര്‍ കൂളര്‍, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം തകര്‍ന്നു തരിപ്പണമായി. രണ്ടാംനിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. കെട്ടിടത്തേക്കാള്‍ ഉയരത്തിലാണ് മതില് സ്ഥിതിചെയ്തിരുന്നത്. അപകടത്തെതുടര്‍ന്ന് ഇവരെ മറ്റൊരു മുറിയിലേക്ക് മാറ്റിത്താമസിപ്പിച്ചു.